കോട്ടയം: ഇ.പി. ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എമ്മിൽ വെവ്വേറെ മാനദണ്ഡങ്ങളാണോ ഉള്ളതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കണമെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. ബന്ധുനിയമന വിവാദത്തിൽ ഇ.പി. ജയരാജനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. സർക്കാർ സംവിധാനങ്ങളിലോ പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലോ നേതാക്കളുടെ കുടുംബാംഗങ്ങൾ ഇടപെടരുതെന്നാണ് അന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ പിണറായി വിജയന്റെ മകൾ സർക്കാർ ഓഹരിയുള്ള സ്ഥാപനവുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ പശ്ചാത്തലത്തിൽ, പാർട്ടിയിൽ രണ്ടുതരം നിയമമാണോ നിലനിൽക്കുന്നതെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇ.ഡി നടപടികൾക്കെതിരെ സി.പി.ഐ.എം വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ വിമർശനം.
തന്റെ മകളായതുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നതെന്നാണ് പിണറായി വിജയൻ അവകാശപ്പെടുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് മാത്രമാണ് മാസപ്പടി നൽകിയതെന്നും, അതിനാൽ ഈ കേസിൽ ഒന്നാം പ്രതി പിണറായി വിജയൻ തന്നെയാണെന്നും ഷോൺ ജോർജ് ആരോപിച്ചു. ഇ.ഡി അന്വേഷണം വൈകാതെ അദ്ദേഹത്തിലേക്കും നീളും. സി.എം.ആർ.എല്ലിൽ നിന്ന് ഡിജിറ്റൽ ഇടപാടുകളിലൂടെ പണം സ്വീകരിച്ചവരിലേക്കാണ് അന്വേഷണം ആദ്യം എത്തുകയെന്നും, തുടർന്ന് രേഖകളിൽ പേരുള്ള മറ്റുള്ളവരിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്‌ലിം ലീഗ് നേതാക്കളുടെ വീടുകൾ റെയ്ഡ് ചെയ്താൽ ഹവാലാപ്പണം കണ്ടെത്താനാകുമെന്ന കെ.ടി. ജലീലിന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന സമാന്തര സാമ്പത്തിക ശൃംഖലയ്ക്ക് ലീഗ് നേതൃത്വം നൽകുന്നുവെന്നാണ് ജലീലിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ചില മുസ്‌ലിം ലീഗ് എം.എൽ.എമാർ ഹവാല ഇടപാടുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അവരുടെ വിവരങ്ങൾ തനിക്കറിയാമെന്നും വ്യക്തമാക്കിയ ജലീൽ, ആ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ തയ്യാറാകണം. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിട്ടും മറച്ചുവെക്കുന്നത് നിയമവിരുദ്ധമാണെന്നും, വിഷയം കേന്ദ്ര അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേ
ർത്തു.





