മലപ്പുറം: വഖഫ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം രംഗത്തെത്തി. വഖഫ് ബോർഡിൽ നിന്ന് ചെയർമാൻ കെ.എസ്. ഹംസയെയും തന്നെയും ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ ആർ.എസ്.എസിന് ഒപ്പം ചേർന്ന് നിൽക്കേണ്ട ദയനീയ സാഹചര്യമാണ് ഉണ്ടായതെന്നും, കെ.എസ്. ഹംസ നയിക്കുന്ന ബോർഡിനെ അംഗീകരിക്കാൻ സർക്കാരിന് താല്പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ.എസ്. ഹംസ കഴിഞ്ഞാൽ ബോർഡിലുള്ളത് 'സഖാവ് ഉമർ ഫൈസി'യാണെന്നും, ഇത് താൻ പറയുന്നതല്ല മറിച്ച് മറ്റുള്ളവർ വിശേഷിപ്പിക്കുന്നതാണെന്നും പ്രസംഗത്തിനിടെ അദ്ദേഹം പരാമർശിച്ചു. സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'വഖഫ് നിയമവും യു.ഡി.എഫ് കീഴടങ്ങലും' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ഭൂമികൾ പലരും നിയമവിരുദ്ധമായി കൈയേറുകയാണെന്നും, ഇത്തരം സ്വത്തുക്കൾ സംരക്ഷിക്കുകയാണ് ബോർഡിന്റെ പ്രാഥമിക ചുമതലയെന്നും, സർക്കാർ നിലപാടുകൾ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വേദിയിൽ വെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഉമർ ഫൈസി മുക്കം പ്രശംസിച്ചു. വഖഫ് ബോർഡിൽ രണ്ട് അമുസ്‌ലിം പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന നിയമത്തിനെതിരെ, അത് നടപ്പാക്കില്ലെന്ന ഉറച്ച നിലപാടാണ് മുൻപ് പിണറായി വിജയൻ സ്വീകരിച്ചിരുന്നത്. എന്നാൽ ഹൈക്കോടതിയിൽ ഷോൺ ജോർജിന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന സമീപനമാണ് നിലവിലെ സർക്കാർ സ്വീകരിച്ചത്. വേണമെങ്കിൽ രണ്ട് ആർ.എസ്.എസുകാരെ നിയമിക്കാമെന്ന തരത്തിലാണ് സർക്കാർ നിലപാടെടുത്തതെന്നും, ലീഗ് കൈകാര്യം ചെയ്യുന്ന വകുപ്പിൽ നിന്നാണ് ഈ നീക്കമുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതപരമായ മൂല്യങ്ങൾ തകർന്നാലും താനും ഹംസയും ബോർഡിൽ നിന്ന് മാറിയാൽ മതിയെന്ന ലക്ഷ്യത്തോടെയാണ് ഹൈക്കോടതിയിൽ സർക്കാർ ഈ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം ആരോ
പിച്ചു.





