തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കുന്ന സമഗ്ര ഡിജിറ്റലൈസേഷൻ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നാല് ഡിപ്പോകളിൽ ട്രയൽ പൂർത്തിയായതോടെ ആദ്യഘട്ടമായ സർവീസ് ഓപ്പറേഷൻ വിഭാഗത്തിന്റെ ഡിജിറ്റലൈസേഷൻ അവസാന ഘട്ടത്തിലെത്തി; വരവ് ചെലവ് കണക്കുകളുടെ ഡിജിറ്റലൈസേഷനും ഉടൻ നടപ്പാകും.
യാത്രക്കാർക്ക് ബസ്സുകളുടെ യാത്രാസമയം കൃത്യമായി അറിയുന്നതിനായി ഡിപ്പോകളിൽ ഡിജിറ്റൽ എൽ.ഇ.ഡി ഡിസ്‌പ്ലേകൾ സ്ഥാപിക്കുന്ന നടപടികളിലേക്ക് കെ.എസ്.ആർ.ടി.സി ഉടൻ കടക്കും. പദ്ധതിയുടെ ഭാഗമായുള്ള കമ്പ്യൂട്ടറൈസേഷനും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും കോർപ്പറേഷൻ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.
പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ആയിരക്കണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന ഈ പൊതുമേഖലാ സ്ഥാപനത്തിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ ആരംഭിച്ചത്. സർക്കാരിന് കീഴിലുള്ള ഏറെ പഴക്കമുള്ള ഈ സ്ഥാപനം ഡിജിറ്റലൈസ് ചെയ്യണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു.





