തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ട് പ്രതിരോധിക്കുന്നതിനായി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സ്പെഷ്യൽ സ്ക്വാഡുകളെ നിയോഗിക്കുന്നത് തിരുവനന്തപുരം കോർപ്പറേഷൻ പരിഗണിക്കുന്നു. വെള്ളം കയറുന്ന തമ്പാനൂർ, പഴവങ്ങാടി തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകാനും, സ്ക്വാഡിലേക്ക് പുതുതായി ജീവനക്കാരെ നിയമിക്കാനുമാണ് ഭരണസമിതിയുടെ ആലോചന.
കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ടുനിന്ന മഴയിൽ തമ്പാനൂർ, വഞ്ചിയൂർ ഉൾപ്പെടെയുള്ള നഗരഭാഗങ്ങൾ വെള്ളത്തിൽ മുങ്ങുകയും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ ഓടകൾ കവിഞ്ഞൊഴുകിയതോടെ കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാനാകാത്ത സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.
ഭരണസമിതിയുടെ അനാസ്ഥയാണ് വെള്ളക്കെട്ടിന് കാരണമെന്ന് ആരോപിച്ച് എൽ.ഡി.എഫും പ്രതിപക്ഷവും രൂക്ഷവിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് കോർപ്പറേഷന്റെ ഈ നീക്കം. വെള്ളം കയറിയ സ്ഥലങ്ങളിൽ മേയർ വി.വി. രാജേഷ് സന്ദർശനം നടത്തുകയും ചെയ്തിരുന്നു.





