തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകില്ലെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കി. നിലവിലെ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും, കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളും വിവാദങ്ങളിലെ അനാവശ്യ പ്രതികരണങ്ങളും നേതാക്കളും പ്രവർത്തകരും അവസാനിപ്പിക്കണമെന്നും ഹൈക്കമാൻഡ് ആഹ്വാനം ചെയ്തു.
തീരുമാനങ്ങളെടുക്കുമ്പോൾ എല്ലാവരുമായി കൂടിയാലോചിക്കാനും ഒത്തൊരുമയോടെ മുന്നോട്ടുപോകാനും സണ്ണി ജോസഫിന് ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ ഡൽഹിയിലെത്തിയ സണ്ണി ജോസഫ് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരെ നേരിൽ കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികൾ ധരിപ്പിച്ചിരുന്നു.
മന്ത്രിസഭയിലെ ഭിന്നത, ഷാഫി പറമ്പിൽ - രാജ്മോഹൻ ഉണ്ണിത്താൻ തർക്കം, മറ്റ് സംഘടനാപരമായ വിഷയങ്ങൾ എന്നിവയെല്ലാം അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിച്ചു. അതേസമയം, വിവാദങ്ങൾ തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനും ഡൽഹിയിലുണ്ട്.





