തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോളിൽ എഥനോളിന്റെ സാന്നിധ്യം കണ്ടെത്താനുള്ള ഭക്ഷ്യവകുപ്പിന്റെ പരിശോധനയ്ക്ക് തടയിട്ട് കേന്ദ്ര സർക്കാർ; പരിശോധനയ്ക്കായി 100 ശതമാനം ശുദ്ധമായ പെട്രോൾ നൽകേണ്ടതില്ലെന്നാണ് എണ്ണക്കമ്പനികൾക്ക് കേന്ദ്രം നൽകിയിരിക്കുന്ന നിർദ്ദേശം. ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ട് സിവിൽ സപ്ലൈസ് കമ്മീഷണർ റിഫൈനറികൾക്ക് അയച്ച കത്തിനും ആവർത്തിച്ചുള്ള ഇ-മെയിലുകൾക്കും ഒടുവിലാണ് കേന്ദ്ര വിലക്കുള്ളതായി എണ്ണക്കമ്പനികൾ മറുപടി നൽകിയത്.
ശേഖരിച്ച സാമ്പിളുകളുടെ കാലാവധി 18 ദിവസത്തിനകം അവസാനിക്കുമെന്ന് മുൻകൂട്ടി കണ്ടാണ് പരിശോധന തടസ്സപ്പെടുത്തുന്ന ഈ നീക്കം. ഇതോടെ, സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി 13 പമ്പുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഇനി പരമ്പരാഗത രീതിയിൽ മാത്രമേ ലാബുകളിൽ പരിശോധിക്കാൻ സാധിക്കൂ എന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
പരമ്പരാഗത രീതിയിലും ഇൻസ്ട്രുമെന്റ് രീതിയിലുമായി രണ്ട് ഘട്ടങ്ങളിലായാണ് കേരളത്തിൽ പരിശോധന നടത്താൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരുന്നത്. ഗ്യാസ് ക്രോമാറ്റോഗ്രാഫി പരിശോധനയിലൂടെ പമ്പുകളിൽ വിതരണം ചെയ്യുന്ന പെട്രോളിൽ എത്ര ശതമാനം എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് കൃത്യമായി കണ്ടെത്താൻ 100 ശതമാനം ശുദ്ധമായ പെട്രോൾ അനിവാര്യമായിരുന്നു.
നേരത്തെ കർണാടക സർക്കാർ പെട്രോളിലെ എഥനോൾ സാന്നിധ്യം പരിശോധിച്ച് ഫലം സമർപ്പിച്ചപ്പോൾ, 100 ശതമാനം ശുദ്ധമായ പെട്രോളുമായി യാതൊരു സാമ്യവുമില്ലെന്ന വിശദീകരണം നൽകി കേന്ദ്ര പെട്രോളിയം മന്ത്രാലയം അത് പൂർണ്ണമായും തള്ളിയിരുന്നു. കർണാടകയ്ക്ക് സംഭവിച്ച പിഴവ് കൂടി കേരളത്തിലെ കൃത്യമായ പരിശോധനയിലൂടെ തിരുത്താൻ സാധിക്കുമായിരുന്നത് മുൻകൂട്ടി കണ്ടാണ് കേന്ദ്രം എണ്ണക്കമ്പനികൾക്ക് ഈ നിർദ്ദേശം നൽകിയത്.





