കൊച്ചി: വ്യക്തിയുടെ മൊബൈൽ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ച സംഭവത്തിൽ 'ഓഫീസർ ഓൺ ഡ്യൂട്ടി' നിർമ്മാതാക്കൾക്കും നെറ്റ്ഫ്ലിക്സിനുമെതിരെ കേസെടുത്ത് അന്വേഷിക്കാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി എറണാകുളം സെൻട്രൽ പൊലീസിന് നിർദ്ദേശം നൽകി. കുഞ്ചാക്കോ ബോബൻ നായകനായി 2025-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ നിർമ്മാതാക്കളായ മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർക്കൊപ്പം നെറ്റ്ഫ്ലിക്സ്, മെറ്റ പ്ലാറ്റ്‌ഫോം, സീ എന്റർടെയ്ൻമെന്റ് എന്നിവരെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുക്കുക.
ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം വ്യക്തിവിവര മോഷണം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, ഇലക്ട്രോണിക് ഡിവൈസ് വഴിയുള്ള വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തുക.
ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തിയതിന് പിന്നാലെ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രേക്ഷകരിൽ നിന്ന് അനാവശ്യ കോളുകളും സന്ദേശങ്ങളും ഭീഷണികളും നേരിടേണ്ടി വന്നതോടെയാണ് എറണാകുളം സ്വദേശിയായ പരാതിക്കാരൻ നിയമനടപടിയിലേക്ക് കടന്നത്.
രംഗം ചിത്രീകരിക്കുമ്പോൾ ഡമ്മി നമ്പറോ നിലവിലില്ലാത്ത ഫോൺ നമ്പറോ ഉപയോഗിക്കാതെ അടിസ്ഥാന മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ നിർമ്മാതാക്കൾ പരാജയപ്പെട്ടതായി പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകരായ ടി. സുകേഷ് റോയിയും എ.ആർ. ദിവ്യയും കോടതിയെ അറിയിച്ചു; സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ച ക്യാമറയും കമ്പ്യൂട്ടറുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കണ്ടുകെട്ടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.





