പത്തനംതിട്ട: ശബരിമലയിലെ പമ്പ ത്രിവേണിയിൽ തീർഥാടകർ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ ഈടാക്കാൻ ശബരിമല എ.ഡി.എം ഉത്തരവിട്ടു. ഡ്യൂട്ടി മജിസ്ട്രേറ്റുമാർക്കും റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമാണ് പിഴ ചുമത്താനുള്ള അധികാരം നൽകിയിരിക്കുന്നത്.
ഹൈക്കോടതിയുടെ കർശന ഇടപെടലും ബോധവത്കരണവും ഉണ്ടായിട്ടും പമ്പയിൽ തുണികൾ ഉപേക്ഷിക്കുന്നതിൽ കുറവില്ലാത്തതിനെ തുടർന്നാണ് പുതിയ നടപടി; ആചാരവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും, മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ച് അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഒരുവിഭാഗം ഭക്തർ ഇപ്പോഴും നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നുണ്ട്. ഈ മണ്ഡലകാല തീർഥാടനത്തിന്റെ ആദ്യ മൂന്നുദിവസം കൊണ്ടുതന്നെ 23 ടണ്ണോളം തുണിമാലിന്യങ്ങളാണ് പമ്പയിൽ നിന്ന് പുറത്തെടുത്തത്.
ശബരിമല ഭക്തർ പമ്പയിൽ വസ്ത്രമുപേക്ഷിക്കരുതെന്ന സന്ദേശം കെ.എസ്.ആർ.ടി.സി ബസുകളിലും സ്റ്റാൻഡുകളിലും കേൾപ്പിക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബുധനാഴ്ച പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സാനിറ്റേഷൻ സൊസൈറ്റി പ്രവർത്തകർ മാലിന്യം നീക്കം ചെയ്തിരുന്നു; സീസൺ തീരുംവരെ മാലിന്യം നീക്കാനായി പോലീസ് ക്ലിയറൻസ് പൂർത്തിയാക്കിയ 20 തൊഴിലാളികളെ ആലപ്പുഴയിലെ ഒരു ഏജൻസിയിൽ നിന്ന് എത്തിച്ചിട്ടുണ്ട്.
നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നദിയിൽ നിന്ന് ശേഖരിച്ചു നൽകുന്ന തുണികൾ ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് നിലയ്ക്കലിൽ നിയോഗിച്ചിട്ടുള്ള നാല് തൊഴിലാളികൾ വഴി തരംതിരിക്കുകയാണ് ചെയ്യുന്നത്. മണ്ണും ചെളിയും നീക്കി ഉണക്കിയ ശേഷം അടിവസ്ത്രങ്ങൾ കമ്പനിയുടെ പ്ലാന്റിൽ പ്രോസസ് ചെയ്ത് സിമന്റ് ഫാക്ടറികൾക്കും, ബാക്കിയുള്ളവ ചവിട്ടിയും മറ്റും നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്കും കൈമാറും; മണലിലും ചെളിയിലും പുതഞ്ഞുകിടക്കുന്ന തുണികൾ വേർതിരിച്ചെടുക്കുന്നത് ഏറെ ശ്രമകരമാണെങ്കിലും കൃത്യമായി വേർതിരിച്ചാൽ നീക്കം ചെയ്യാൻ എളുപ്പമാണെന്ന് ക്ലീൻ കേരള കമ്പനി എം.ഡി. ജി.കെ. സുരേഷ് കുമാർ വ്യക്തമാക്കി.





