കാസർകോട്: മെർക്കുറി കലർന്ന എഫ് ട്യൂൺ ഫേസ്ക്രീം കേസിൽ നിർണായക വഴിത്തിരിവായി ഉൽപ്പന്നത്തിന്റെ കസ്റ്റമർ കെയർ നമ്പർ കാസർകോട് സ്വദേശിനിയായ സ്ത്രീയുടെ പേരിലാണെന്ന് പൊലീസ് കണ്ടെത്തി. വൃക്കരോഗം ബാധിച്ച മലപ്പുറത്തെ പെൺകുട്ടിയുമായി ബന്ധപ്പെട്ടത് കാസർകോട്ടെ ഈ നമ്പറിൽ നിന്നാണെന്ന് വ്യക്തമായതോടെ നമ്പർ ഉടമയ്ക്ക് ഇന്ന് പൊലീസ് നോട്ടീസ് നൽകും.
വിവാദങ്ങൾക്കിടയിലും ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകൾ വഴി എഫ് ട്യൂൺ ഉൾപ്പെടെയുള്ള വ്യാജ ഫെയർനെസ് ക്രീമുകളുടെ വിൽപ്പന നിയന്ത്രണങ്ങളില്ലാതെ തുടരുകയാണ്. കൊറിയർ വഴി നേരിട്ട് വീടുകളിലേക്ക് എത്തുന്ന ഇത്തരം ഓൺലൈൻ വിൽപ്പനകൾ നിരീക്ഷിക്കാനോ പരിശോധിക്കാനോ സർക്കാർ സംവിധാനങ്ങൾക്കാവുന്നില്ലെന്നും, നിലവിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനകൾ കടകൾ കേന്ദ്രീകരിച്ച് മാത്രമാണ് നടക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയും ഇൻഫ്ലുവൻസർമാരിലൂടെയുമാണ് കമ്പനികൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്; എന്നാൽ വ്യക്തമായ വിലാസമോ ലൈസൻസോ ഇല്ലാത്ത വിൽപ്പനക്കാരെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ലെന്ന് മാത്രമല്ല, പരാതി ഉയരുന്ന ക്രീമുകൾ പേരുകൾ മാറ്റി വീണ്ടും വിപണിയിലിറക്കുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.





