തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന്റെ 'കളിക്കളം' കായികമേളയ്ക്കായി ഗ്രൗണ്ട് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (എൽ.എൻ.സി.പി.ഇ) പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ അപമാനിച്ചുവെന്ന് മന്ത്രി കെ.എ. തുളസി ആരോപിച്ചു. തദ്ദേശീയ ജനതയിലെ പാവപ്പെട്ട കുട്ടികളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രിൻസിപ്പാളിന്റെ പരാമർശം ഞെട്ടിക്കുന്നതാണെന്നും, നിഷ്കളങ്കമായി കാണാനാകാത്ത ഈ വിവേചനപരമായ നിലപാടിനെക്കുറിച്ചുള്ള ആശങ്ക കേന്ദ്ര സർക്കാരിനെയും ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും അറിയിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ആയിരത്തിൽപ്പരം കുട്ടികൾ പങ്കെടുക്കുന്ന കായികമേളയിൽ മത്സരങ്ങൾ അനുവദിച്ച സമയത്തിൽ നിന്ന് അഞ്ചോ പത്തോ മിനിറ്റ് അധികമായാൽ പോലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് പ്രിൻസിപ്പാളുമായി സംസാരിച്ചപ്പോഴാണ് വിവാദ പരാമർശമുണ്ടായത്. അന്താരാഷ്ട്ര താരങ്ങൾ സ്പൈക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്ന ഗ്രൗണ്ടാണിതെന്നും, ചെളിയിൽ പരിശീലനം നടത്തുന്ന കുട്ടികൾ ആണിയുള്ള ഷൂവോ സാധാരണ ഷൂവോ ധരിച്ചെത്തിയാൽ അത് ഗ്രൗണ്ടിന് പ്രശ്നമാകുമെന്നുമാണ് പ്രിൻസിപ്പാൾ പറഞ്ഞതെന്ന് മന്ത്രി വെളിപ്പെടുത്തി.
ഉദ്ഘാടന ചടങ്ങിനിടെ അപ്രതീക്ഷിതമായി ഇത്തരമൊരു പരാമർശമുണ്ടായപ്പോൾ വേദി മാറ്റാൻ കഴിയാത്തതിനാലും മേള നല്ലരീതിയിൽ നടക്കണമെന്നതുകൊണ്ടും അപ്പോൾ പ്രതികരിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്ക് അഭിമാനക്ഷതമുണ്ടാകാതിരിക്കാൻ അവരോട് പോലും ഇക്കാര്യം പങ്കുവെച്ചില്ലെന്നും, റാണി ലക്ഷ്മിഭായിയുടെ പേരിലുള്ള ഒരു സ്ഥാപനത്തെ നിയന്ത്രിക്കുന്ന വ്യക്തിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശത്തിൽ വേദനയുണ്ടെന്നും പറഞ്ഞ മന്ത്രി അടുത്ത വർഷം ഈ വേദിയിൽ പരിപാടി നടത്തില്ലെന്നും വ്യക്തമാക്കി.





