കോട്ടയം: കോട്ടയം കിഴയാർ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ അയ്യപ്പഭക്തിഗാനം തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പള്ളിക്കമ്മിറ്റി വേദിയിൽ നിന്ന് ഇറക്കിവിട്ടു. അരുൺ കൃഷ്ണ എന്നയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ സംഭവത്തിന്റെ വീഡിയോ വലിയ രീതിയിൽ പ്രചരിക്കുകയാണ്.
വേദിയിൽ 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന അയ്യപ്പഭക്തിഗാനം ആലപിക്കുന്നതിനിടെ ഒരാൾ വേദിയിലേക്ക് കയറി ഗായകനെ തടയുകയും ക്രിസ്തീയ ഗാനങ്ങൾ മാത്രം പാടിയാൽ മതിയെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ സദസ്സിൽ നിന്ന് പ്രതിഷേധവും കൂക്കുവിളിയും ഉയരുകയും വേദിയിലെത്തിയവർ ഇയാളെ ഇറക്കിവിടുകയുമായിരുന്നു; തടസ്സപ്പെടുത്താൻ ശ്രമിച്ചയാൾ പ്രദേശവാസിയല്ലെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തിന് പിന്നാലെ പള്ളിയിലെ വൈദികന്റെ ആവശ്യപ്രകാരം 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' ഉൾപ്പെടെ അഞ്ച് ഗാനങ്ങൾ ഗായകൻ വേദിയിൽ ആലപിച്ചു. പാട്ടിനോട് പോലും അസഹിഷ്ണുത കാണിക്കുന്നവർക്കുള്ള ശക്തമായ മറുപടിയെന്ന നിലയിലാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.





