തിരുവനന്തപുരം: എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് സമരപ്പന്തൽ പൊളിച്ചുനീക്കിയതിലൂടെ സർക്കാരിന്റെ ധാർഷ്ട്യമാണ് വ്യക്തമായതെന്ന് സമരസമിതി നേതാവ് എസ്. വളർമതി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിരിക്കുമ്പോൾ എന്തും പറയാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തെളിയിച്ചുവെന്നും, 'നിലപാടുകളുടെ രാജകുമാരൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി നിലപാടുകൾ മാറ്റിപ്പറയുകയാണെന്നും അവർ വിമർശിച്ചു.
പ്രതിപക്ഷത്തായിരുന്ന സമയത്ത് തങ്ങളുടെ ആവശ്യങ്ങൾ നൂറ് ശതമാനം ശരിയാണെന്നും അധികാരത്തിൽ വന്നാൽ അനുപാതം കുറയ്ക്കാമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ വിളിച്ച് ഉറപ്പുനൽകിയിരുന്നുവെന്ന് വളർമതി ചൂണ്ടിക്കാട്ടി. എന്നാൽ ഭരണത്തിലെത്തിയപ്പോൾ സർക്കാർ മുഖം തിരിക്കുകയാണെന്നും പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും അവർ ആരോപിച്ചു.
പ്രതിപക്ഷത്തിരിക്കുമ്പോൾ എന്തും പറയാം, ഭരണത്തിൽ വരുമ്പോൾ അങ്ങനെയല്ല എന്ന് മന്ത്രി കെ.എം. ഷാജി പോലും പറഞ്ഞത് എല്ലാവരും കേട്ടതാണെന്നും മറ്റുള്ളവരും ഇതേ രീതിയിലാണോ ചിന്തിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും വളർമതി പറഞ്ഞു. തലമുണ്ഡനം ചെയ്തപ്പോൾ കണ്ണീരൊഴുക്കിയവർ തന്നെ രണ്ടുതവണ തങ്ങളെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന സാഹചര്യമുണ്ടായെന്നും, ഉദ്യോഗാർത്ഥികളെ ശത്രുപക്ഷത്ത് നിർത്തി വൈരാഗ്യം തീർക്കുന്ന സർക്കാർ ആദ്യം ആത്മപരിശോധന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.





