തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗിങ്ങിന് ഇരയാക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ പ്രതിചേർത്ത് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിയെ മൂന്ന് പേർ ചേർന്ന് കായികമായി ആക്രമിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
ആക്രമണത്തിനിടെ വിദ്യാർത്ഥിയുടെ ലാപ്‌ടോപ്പ് വലിച്ചെറിയുകയും മൊബൈൽ ഫോൺ തട്ടിയെടുത്ത് അതിലെ വിവരങ്ങൾ പകർത്തുകയും ചെയ്തു. റാഗിങ് വിവരം ഹോസ്റ്റൽ സെക്രട്ടറിയോട് പരാതിപ്പെട്ടതോടെ പ്രതികളുടെ ഭാഗത്തുനിന്നുള്ള ഭീഷണി രൂക്ഷമായെന്നും, മുറി ഒഴിഞ്ഞില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ഇതിനുപുറമെ, പരാതിക്കാരനായ വിദ്യാർത്ഥി സെക്സ് റാക്കറ്റിലെ അംഗമാണെന്നും ഡ്രഗ് ഡീലറാണെന്നും കോളേജിലടക്കം പ്രതികൾ അപവാദം പ്രചരിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ പഠനം ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയിലാണ് താനെന്നും വിദ്യാർത്ഥി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.





