പാലക്കാട്: പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷനായി എത്തിയ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് വിതരണം ചെയ്തതായി പരാതി. ഒരു മാസം മുൻപ് കാലാവധി അവസാനിച്ച മരുന്നാണ് ഒരു വയസ്സിന് താഴെയുള്ള ഏഴോളം കുഞ്ഞുങ്ങൾക്ക് നൽകിയത്.
ചില രക്ഷിതാക്കൾ മരുന്നിന്റെ കാലാവധി പരിശോധിച്ചപ്പോഴാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടത്; തുടർന്ന് ഇവർ മറ്റ് രക്ഷിതാക്കളെയും വിവരമറിയിച്ചു. സംഭവം പുറത്തറിഞ്ഞതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ ആരോഗ്യ കേന്ദ്രത്തിലെത്തി പ്രതിഷേധിച്ചു.
വിതരണത്തിൽ തങ്ങൾക്ക് അബദ്ധം സംഭവിച്ചതാണെന്ന് സമ്മതിച്ച കുടുംബാരോഗ്യ കേന്ദ്രം അധികൃതർ, നൽകിയ മരുന്നുകളെല്ലാം അടിയന്തരമായി തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും വ്യക്തമാക്കി.





