കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോഴും സി.പി.ഐ.എമ്മിൽ നിന്ന് രാജിവച്ച് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദനോടും പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണനോടും ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ അവഗണന തുടരുന്നതായി ആരോപണം. സർക്കാർ പരിപാടികളിൽ ഇരുവരും പങ്കെടുക്കുന്നുണ്ടെങ്കിലും, സി.പി.ഐ.എം നേതൃത്വത്തിന്റെ എതിർപ്പ് ഭയന്ന് തദ്ദേശ സ്ഥാപനങ്ങളുടെ പരിപാടികളിലേക്ക് ഇവരെ ക്ഷണിക്കുന്നില്ലെന്നാണ് ആക്ഷേപം.
മറ്റ് യു.ഡി.എഫ് എം.എൽ.എമാർ ഇടതുഭരണമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ പരിപാടികളിൽ പങ്കെടുക്കുമ്പോഴാണ്, ഇരുവരും കാലങ്ങളായി താമസിക്കുന്ന സ്വന്തം തദ്ദേശ സ്ഥാപനങ്ങൾ പോലും ഇവരെ അകറ്റിനിർത്തുന്നത്. പാർട്ടി വിട്ട ഇരുവരെയും വർഗവഞ്ചകരെന്നാണ് സി.പി.ഐ.എം നേരത്തെ പരസ്യമായി വിശേഷിപ്പിച്ചിരുന്നത്.
നേരത്തെ, പയ്യന്നൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിർമാണത്തിനായി എം.എൽ.എ ഇടപെട്ട് ബജറ്റിൽ അഞ്ച് കോടി രൂപ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടും തർക്കമുണ്ടായിരുന്നു. തന്റെ ഫണ്ട് വേണ്ടെന്ന് സി.പി.ഐ.എം ഭരിക്കുന്ന നഗരസഭ നിലപാടെടുത്തുവെന്ന് വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചപ്പോൾ, വികസനകാര്യങ്ങളിൽ എം.എൽ.എയുമായി സഹകരിക്കുന്നതിൽ തടസ്സമില്ലെന്നും അദ്ദേഹം നുണപ്രചാരണം നടത്തുകയാണെന്നുമായിരുന്നു സി.പി.ഐ.എമ്മിന്റെ മറുപടി.





