കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. സർവകലാശാല ഇന്നലെ ഫയൽ ചെയ്ത സത്യവാങ്മൂലത്തിന് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് വിദ്യാർത്ഥികൾക്ക് നിർദേശം നൽകി.
ഇന്ന് വിശദമായ വാദം കേൾക്കാമെന്നായിരുന്നു കോടതി നേരത്തെ അറിയിച്ചിരുന്നതെങ്കിലും, ആദ്യത്തേതിനേക്കാൾ സമഗ്രമായ സത്യവാങ്മൂലം സർവകലാശാല ഇന്നലെ സമർപ്പിച്ച സാഹചര്യത്തിലാണ് ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. സർവകലാശാലയുടെ വാദങ്ങളിലുള്ള വിദ്യാർത്ഥികളുടെ മറുപടി കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
മാപ്പ് എഴുതി നൽകിയാൽ വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ തിരികെ പ്രവേശിക്കാമെന്നും പരീക്ഷ എഴുതാമെന്നും സർവകലാശാല സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സസ്‌പെൻഷൻ കാലാവധിക്കുള്ളിൽ നാല് വിദ്യാർത്ഥികൾ ക്യാമ്പസിൽ തിരികെ പ്രവേശിച്ചതിനാലാണ് സസ്‌പെൻഷൻ നീട്ടിയതെന്നും സർവകലാശാല വിശദീകരിക്കുന്നു; എന്നാൽ മാപ്പെഴുതി നൽകില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥികൾ.





