തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേട് കേസിൽ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ശബരിമലയിലേക്ക് കൊണ്ടുവന്ന നെയ്യ് വാങ്ങിയ വെങ്കിടേശ്വരൻ, കുമരൻ എന്നിവരെയാണ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്; ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.
ശബരിമലയിൽ നിന്നുള്ള നെയ്യാണ് ഇതെന്ന് പ്രതികൾക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അറസ്റ്റിലായ ഇരുവരെയും നാളെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
അതിനിടെ, നെയ്യ് ക്രമക്കേടിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ മിൽമയിൽ നിന്ന് നെയ്യ് വാങ്ങുന്നതിനായി ദേവസ്വം ബോർഡ് വിജിലൻസ് ക്ലിയറൻസ് തേടിയിട്ടുണ്ട്. ഇതിന്മേൽ വിജിലൻസ് ഇന്നോ നാളെയോ മറുപടി നൽകും; മണ്ഡല-മകരവിളക്ക് സീസണിൽ ആകെ 50,000 ലിറ്റർ നെയ്യ് ആവശ്യമുണ്ടെങ്കിലും സന്നിധാനത്ത് നിലവിൽ 10,000 ലിറ്റർ നെയ്യ് മാത്രമാണ് സ്റ്റോക്കുള്ളത്.
ദേവസ്വം ബോർഡിന് നെയ്യ് നൽകുന്ന വിലയുടെ കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി ട്വന്റിഫോറിനോട് അറിയിച്ചു. മിൽമയിൽ നിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടില്ലെന്നും, 50,000 ലിറ്റർ നെയ്യ് ആവശ്യപ്പെട്ടതിൽ 10,000 ലിറ്റർ ഉടനടിയും ബാക്കി 40,000 ലിറ്റർ പിന്നീടും വാങ്ങാമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്ത് ലാഭമുണ്ടാക്കാൻ മിൽമ ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.





