തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വിശ്വസിപ്പിച്ച് നടത്തിയ സ്പോൺസർഷിപ്പ് തട്ടിപ്പിൽ മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണർ പ്രോസിക്യൂഷൻ അനുമതി നൽകിയതിനെ സ്വാഗതം ചെയ്ത് പി.കെ. ഫിറോസ് രംഗത്തെത്തി. കേരളത്തിലെ ജനങ്ങളെ മൊത്തത്തിൽ കബളിപ്പിച്ച സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കലടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും, മുൻ മന്ത്രിയെ ചോദ്യം ചെയ്ത് തട്ടിപ്പിൽ പങ്കുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ എം.ഡി പറഞ്ഞത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നും ഇതിലും അന്വേഷണം വേണമെന്നും പി.കെ. ഫിറോസ് വ്യക്തമാക്കി. ടെൻഡർ നടപടികൾ പാലിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തിയിരുന്നു; മെസ്സിയെയും അർജന്റീന ടീമിനെയും കൊണ്ടുവരാനുള്ള സ്പോൺസർഷിപ്പ് കരാറിൽ വൻ ക്രമക്കേടും ഗൂഢാലോചനയും നടന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
തട്ടിപ്പ് നടക്കുമ്പോൾ അബ്ദുറഹ്മാൻ മന്ത്രിയായിരുന്നതിനാൽ അഴിമതി നിരോധന നിയമം 17 എ പ്രകാരം പ്രോസിക്യൂഷന് മുൻകൂർ അനുമതി ആവശ്യമായിരുന്ന സാഹചര്യത്തിലാണ് ഗവർണർ ഫയൽ അംഗീകരിച്ചത്. ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ കമ്പനി, അബ്ദുറഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.





