തിരുവനന്തപുരം: റാങ്ക് ഹോൾഡർമാരുടെ സമരം 129-ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രശ്‌നപരിഹാരത്തിന് സർക്കാർ തയ്യാറാകുന്നില്ലെന്നും, പന്തൽ പൊളിച്ചതുകൊണ്ട് സമരം അവസാനിക്കുമെന്ന് കരുതരുതെന്നും ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സമരം പൊളിക്കുകയല്ല, മറിച്ച് ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾ കേൾക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും സമരക്കാർക്കൊപ്പം ബി.ജെ.പി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ആശാവർക്കർമാർക്കൊപ്പം നിന്ന വി.ഡി. സതീശൻ, ഭരണത്തിലെത്തിയപ്പോൾ എന്തുകൊണ്ട് സമരക്കാർക്കൊപ്പം നിൽക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. 'പുതുയുഗ കേരളം' എന്ന് പറഞ്ഞാണ് സർക്കാർ മുന്നോട്ടുപോകുന്നതെങ്കിലും പ്രവൃത്തിയിൽ അതൊന്നും കാണുന്നില്ലെന്നും പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സമരപ്പന്തലിലെത്തി ഉദ്യോഗാർത്ഥികളെ കണ്ട ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ, പ്രതിപക്ഷത്തായിരുന്നപ്പോൾ നൽകിയ ഉറപ്പുകൾ അധികാരത്തിലെത്തിയതോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ മറന്നുവെന്ന് കുറ്റപ്പെടുത്തി. കഴിഞ്ഞ പിണറായി വിജയൻ സർക്കാർ സ്വീകരിച്ച അതേ നിലപാടാണ് പുതിയ സർക്കാരും പിന്തുടരുന്നതെന്നും, വളർമതി തലമുണ്ഡനം ചെയ്തപ്പോൾ കണ്ണുനിറഞ്ഞുവെന്ന് പറഞ്ഞ നേതാവ് തന്നെ ഇപ്പോൾ സമരപ്പന്തൽ പൊളിക്കാൻ പൊലീസിനെ ഉപയോഗിക്കുന്നത് ഇരട്ടത്താപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.




