തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരപ്പന്തൽ പൊളിച്ചുനീക്കുകയും വളർമതിയെ ബലപ്രയോഗത്തിലൂടെ മാറ്റുകയും ചെയ്ത സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി രഞ്ജിനി ഹരിദാസ്. ഇക്കാര്യത്തിൽ സർക്കാരിന്റേത് ഇരട്ടത്താപ്പാണെന്നും ഒരിക്കലും അംഗീകരിക്കാനാവാത്ത നടപടിയാണിതെന്നും സമൂഹമാധ്യമ പോസ്റ്റിലൂടെ അവർ കുറ്റപ്പെടുത്തി.
ഡൽഹിയിലെ ജന്തർ മന്തറിൽ സമരത്തെ അടിച്ചമർത്തിയതിന് സമാനമായ കാഴ്ചകളാണ് കേരളത്തിലും ആവർത്തിക്കുന്നതെന്ന് രഞ്ജിനി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ പ്രതിഷേധം നടത്തിയ അതേയാളുകളാണ് ഇവിടെ നാട് ഭരിക്കുന്നതെന്നും, പ്രതിഷേധിക്കുകയെന്നത് മൗലികാവകാശമാണെന്നും അത് എങ്ങനെയാണ് തടയാൻ സാധിക്കുകയെന്നും അവർ ചോദിച്ചു.
വളർമതിയുടെ ആരോഗ്യനില മോശമാണെങ്കിൽ ഡോക്ടർമാർക്ക് സമരപ്പന്തലിൽ നേരിട്ടെത്തി പരിശോധന നടത്താമായിരുന്നു; പകരം സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ അവരെ നീക്കം ചെയ്തതിനോട് പ്രതികരിക്കുക തന്നെ ചെയ്യും. ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കാണണമെന്നും രഞ്ജിനി ഹരിദാസ് ആവശ്യപ്പെട്ടു.





