തിരുവനന്തപുരം: ആലുവയിലെ മഹിളാലയം സ്കൂളിൽ നടന്ന സിബിഎസ്ഇ സ്കൂൾ ആംഗ്യപ്പാട്ട് മത്സരത്തിൽ ഒരു സമുദായത്തിനെതിരെ വംശീയ വിദ്വേഷം ജനിപ്പിക്കുന്ന വരികൾ കുട്ടികളെക്കൊണ്ട് ആലപിപ്പിച്ചെന്ന ആരോപണവുമായി കെ.ടി. ജലീൽ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലത്തിന് സമീപമുള്ളതും ലീഗ് മന്ത്രി അബ്ദുൽഗഫൂറിന്റെ വീട്ടിൽ നിന്ന് നോക്കിയാൽ കാണാവുന്നതുമായ സ്കൂളിലാണ് സംഭവം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇതിനെതിരെ വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ചോദിച്ചു.
15 സിബിഎസ്ഇ സ്കൂളുകൾ പങ്കെടുത്ത മത്സരത്തിലാണ് "കള്ളൻമാരും ഭീകരരും, അറബി വേഷവിധാനത്തിൽ, കയറിപ്പറ്റും ബോഗികളിൽ, ഭയമാകുന്നേ അയ്യയ്യോ, ഭീകരരയ്യോ പാളത്തിൽ, ബോംബു വെച്ചിട്ടോടുന്നേ" എന്ന വരികൾ കുട്ടികൾ പാടിയത്. എൽ.ഡി.എഫ് ഭരണകാലത്തായിരുന്നു ഇത്തരമൊരു സംഭവം നടന്നിരുന്നതെങ്കിൽ മുസ്ലിം ലീഗും യൂത്ത് ലീഗും എം.എസ്.എഫും ചേർന്ന് നാട് കുട്ടിച്ചോറാക്കുമായിരുന്നുവെന്ന് ജലീൽ വിമർശിച്ചു.
പ്രതിപക്ഷത്താകുമ്പോൾ മാത്രം ലീഗിന് ഉണ്ടാകുന്ന കപടവികാരമാണ് 'സമുദായ സ്നേഹം' എന്ന് കുറ്റപ്പെടുത്തിയ ജലീൽ, ഭരണപക്ഷത്തായാൽ പി.എം ശ്രീ പദ്ധതിയും കേന്ദ്ര സർക്കാരിന്റെ എംബ്ലം പതിക്കലും വന്ദേമാതരം മുഴുവൻ ചൊല്ലുന്നതും അവർക്ക് നിയമപരമാകുമെന്നും ആരോപിച്ചു. ഓണാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യൽ, ആർ.എസ്.എസ്സുകാരനായ ഇന്ത്യൻ വൈസ് പ്രസിഡന്റിനെ ക്ഷണിക്കൽ തുടങ്ങി നിരവധി വിമർശനങ്ങളാണ് മുസ്ലിം ലീഗിനെതിരെ അദ്ദേഹം ഉന്നയിച്ചത്.





