സംസ്ഥാനത്ത് നിലവിലുള്ളത് 'വി.ഡി. സവർക്കർ സർക്കാർ' എന്ന രൂപത്തിൽ പ്രവർത്തിക്കുന്ന ഭരണകൂടമാണെന്നും ഇത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും പി. രാജീവ് ആരോപിച്ചു. ചരിത്ര കൗൺസിലിന്റെ തലപ്പത്തേക്ക് നിയമിക്കപ്പെട്ടവരെ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും, ഏതെങ്കിലും വിഷയത്തിൽ ബിജെപി സർക്കാരിനെതിരെ സമരത്തിനിറങ്ങിയിട്ടുണ്ടോ എന്ന് ചോദിച്ച അദ്ദേഹം ഇതൊരു സഖ്യ സർക്കാരാണെന്നും വിമർശിച്ചു.
പ്രധാനമന്ത്രി കല്ലിട്ട പദ്ധതിക്ക് മുകളിൽ മുഖ്യമന്ത്രി പോയി വീണ്ടും കല്ലിടുകയാണെന്നും, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ പാർക്ക് പ്രഖ്യാപിച്ചത് കഴിഞ്ഞ സർക്കാരാണെന്നും പി. രാജീവ് പറഞ്ഞു. കിഫ്ബിയെ അധിക്ഷേപിച്ചവർ തന്നെ ഇപ്പോൾ കിഫ്ബിയുടെ നേട്ടങ്ങൾ സ്വന്തം നേട്ടങ്ങളായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കലൂർ സ്റ്റേഡിയം നിർമ്മാണത്തിന് ടെൻഡർ വിളിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിൽ, ഏത് ടെൻഡർ വിളിച്ചിട്ടാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നതെന്ന് പി. രാജീവ് ചോദിച്ചു. വി. അബ്ദുറഹ്മാനെതിരെ രാഷ്ട്രീയമായി തിരിഞ്ഞാൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.





