തിരുവനന്തപുരം: നഗരമധ്യത്തിലെ തിരക്കേറിയ ചാലയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് 250 പവൻ സ്വർണം കവർന്നു. സഭാവതി കോവിൽ റോഡിൽ പ്രവർത്തിക്കുന്ന വൈഷ്ണവി ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന്റെ കൈവശമുണ്ടായിരുന്ന സ്വർണമടങ്ങിയ ബാഗാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടിച്ചുപറിച്ച് കടന്നുകളഞ്ഞത്.
ഇന്നലെ രാത്രി പത്തരയോടെ ജ്വല്ലറി പൂട്ടിയ ശേഷം ഉടമ വീട്ടിലേക്ക് മടങ്ങാനിറങ്ങവെയായിരുന്നു മോഷണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്; ബൈക്കിലെത്തിയ ഒരാൾ സ്വർണവുമായി രക്ഷപ്പെടുന്നതും, മറ്റൊരു ദൃശ്യത്തിൽ രണ്ടുപേർ ഇതേ ബൈക്കിൽ സഞ്ചരിക്കുന്നതും വ്യക്തമാണ്.
പരാതി ലഭിച്ചയുടൻ ഫോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഫോൺ കോൾ വിശദാംശങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.





