കൊച്ചി: അരിയുടെ പൊതുവിപണി വില സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും കൃത്രിമമായ വിലക്കയറ്റമോ അനിയന്ത്രിതമായ വർധനവോ അനുവദിക്കില്ലെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. വില ഉയരുന്ന സാഹചര്യമുണ്ടായാൽ ലഭ്യത വർധിപ്പിക്കുമെന്നും ഒ.എം.എസ്.എസ് (OMSS) നിരക്കിലുള്ള അരി കൂടുതൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും സിവിൽ സപ്ലൈസ് കമ്മീഷണർക്ക് ഇതിനായി പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എഥനോൾ ഉത്പാദനം വർധിപ്പിക്കുന്നത് ഭക്ഷ്യഭദ്രതയെ ബാധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും, ഇക്കാര്യത്തിലുള്ള ആശങ്ക കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇ 20 പെട്രോൾ പരിശോധനയുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങൾ പാലിച്ച് ശേഖരിച്ച സാമ്പിളുകൾ കെമിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും 10 ദിവസത്തിനകം പരിശോധനാ റിപ്പോർട്ട് ലഭിക്കുമെന്നും അനൂപ് ജേക്കബ് പ്രതികരിച്ചു. വിഷയത്തെ മുൻവിധിയോടെയല്ല സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





