കോഴിക്കോട്: വടകര മേപ്പയിൽ എസ്ബി സ്കൂളിലെ വിദ്യാർത്ഥിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. സ്കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടികളിലൊരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിൽ നിന്ന് നൽകിയ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് വൈകുന്നേരത്തോടെയാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങിയത്. തുടർന്ന് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി മുപ്പതോളം വിദ്യാർത്ഥികൾ വടകര താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടി.
ലക്ഷണങ്ങൾ പ്രകടിപ്പിച്ച നാല് കുട്ടികളുടെ സാമ്പിളുകൾ കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിലൊരു സാമ്പിളിലാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്; അവശേഷിക്കുന്ന മറ്റ് കുട്ടികളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.





