കൊച്ചി: കാലടി സംസ്കൃത സർവ്വകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യാർത്ഥികൾ ആരും തന്നെ അധികൃതർക്ക് മാപ്പെഴുതി നൽകില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വ്യക്തമാക്കി. വിദ്യാർത്ഥികൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സ്വന്തം നിലയിൽ കുറ്റം ചുമത്തി 60 ദിവസം പുറത്തുനിർത്തിയ ശേഷം ഇപ്പോൾ മാപ്പപേക്ഷിക്കാനും മാതാപിതാക്കളെ കൊണ്ടുവന്ന് ഉറപ്പ് നൽകാനും ആവശ്യപ്പെടുന്നത് ആർഎസ്എസ് ബുദ്ധിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി; മാപ്പെഴുതി നൽകുന്ന ശീലം ആർഎസ്എസുകാർക്കാണെന്നും എസ്എഫ്ഐ പ്രവർത്തകർ അത് ചെയ്യില്ലെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു.
വൈസ് ചാൻസലർക്കെതിരെ സമരം ചെയ്തതിന് നടപടി നേരിട്ട 16 വിദ്യാർത്ഥികളിൽ 12 പേർ രേഖാമൂലം മാപ്പപേക്ഷ നൽകിയാൽ മാത്രം സസ്‌പെൻഷൻ പിൻവലിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ച സാഹചര്യത്തിലാണ് എസ്എഫ്ഐ നിലപാട് വ്യക്തമാക്കിയത്.
സസ്‌പെൻഷൻ കാലയളവിലെ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് ബാക്കിയുള്ള നാല് വിദ്യാർത്ഥികളുടെ അച്ചടക്ക നടപടി രണ്ട് മാസത്തേക്ക് കൂടി നീട്ടാനും സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.





