കൊച്ചി: മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിച്ച സംഭവത്തിൽ കോളേജ് യൂണിയൻ ഭാരവാഹികൾക്കെതിരെ അച്ചടക്ക നടപടി. യൂണിയൻ ചെയർമാൻ പ്രണീൽരാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവരെ പത്ത് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
സസ്‌പെൻഷൻ നടപടിയെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വ്യക്തമാക്കി. സംഭവത്തിൽ സംസ്ഥാനവ്യാപകമായി ചോദ്യങ്ങളുന്നയിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കാലടി സർവകലാശാലയിലെ തർക്കങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെയും സഞ്ജീവ് രൂക്ഷമായി വിമർശിച്ചു. സർവകലാശാലയുടെ പ്രോ ചാൻസലർ പദവി വഹിക്കുന്ന മന്ത്രിക്ക് വിഷയത്തിൽ ഇടപെടാൻ സാധിക്കില്ലെങ്കിൽ സ്ഥാനം രാജിവെച്ച് ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.





