തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണകാലയളവിൽ 488 ബാറുകൾക്ക് പ്രവർത്തനാനുമതി നൽകിയതിൽ അഴിമതി സംശയിക്കുന്നതായും, മന്ത്രിതല അനുമതിയില്ലാതെ ബാർ ലൈസൻസുകൾ അനുവദിച്ച നടപടിയിൽ വിജിലൻസ് അന്വേഷണത്തിന് വകുപ്പ് ശുപാർശ ചെയ്യുമെന്നും എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. ബാറുകൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സർക്കാർ വിശദമായി പരിശോധിക്കും.
വകുപ്പുതല നടപടി നേരിട്ട ഡെപ്യൂട്ടി കമ്മീഷണർമാരുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ നേരിട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടർനടപടികളിലേക്ക് നീങ്ങിയത്. ലൈസൻസുകൾ അനുവദിച്ചതിന് പിന്നിൽ സാമ്പത്തിക നേട്ടമടക്കം മറ്റ് ദുരുദ്ദേശ്യങ്ങളുണ്ടോയെന്ന് സമഗ്രമായി പരിശോധിക്കാൻ ഉത്തരവിടുമെന്ന് മന്ത്രി അറിയിച്ചു.
യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളെ അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ എം. ലിജു കൂട്ടിച്ചേർത്തു. സമൂഹത്തിന്റെയും സർക്കാരിന്റെയും താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





