തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടത്തിന് മുന്നിൽ ഗതാഗതവും കാൽനടയാത്രയും തടസ്സപ്പെടുത്തി പ്രതിഷേധ മാർച്ച് നടത്തിയെന്നാരോപിച്ച് എൽപിഎസ്ടി ഉദ്യോഗാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. തിരിച്ചറിഞ്ഞ എട്ടുപേർക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്; സമരസമിതി നേതാവ് വളർമതിയാണ് എഫ്ഐആറിലെ ഒന്നാം പ്രതി. വെള്ളിയാഴ്ച രാവിലെ 11-നും വൈകിട്ട് അഞ്ചിനും ഗേറ്റിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കിയെന്നാണ് പോലീസ് ആരോപണം.
എന്നാൽ ആരോപിക്കപ്പെടുന്ന ദിവസം യാതൊരുവിധ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിട്ടില്ലെന്നും സമരം അടിച്ചമർത്താനാണ് സർക്കാരിന്റെ നീക്കമെന്നും വളർമതി വ്യക്തമാക്കി. വെള്ളിയാഴ്ച സമരപ്പന്തലിൽ 35 പേർ മാത്രമാണുണ്ടായിരുന്നതെന്നും ദൂരസ്ഥലങ്ങളിൽ നിന്ന് എത്തി മടങ്ങാൻ സാധിക്കാതെ പന്തലിൽ തങ്ങിയവരെയാണ് പോലീസ് പ്രതിചേർത്തതെന്നും അവർ ആരോപിച്ചു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പൂർത്തിയായിട്ടും നിയമനം നടക്കാത്തതിനെ തുടർന്നാണ് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചത്.
റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക, പുതിയ വിജ്ഞാപനം വൈകിപ്പിക്കുക, അധ്യാപക-വിദ്യാർത്ഥി അനുപാതം പുനർനിർണ്ണയിക്കുക എന്നിവയുൾപ്പെടെ അഞ്ച് ആവശ്യങ്ങളാണ് സമരക്കാർ പ്രധാനമായും ഉന്നയിക്കുന്നത്. എന്നാൽ അനുപാതത്തിൽ മാറ്റം വരുത്തുന്നത് സർക്കാരിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടെന്നും, എയ്ഡഡ് സ്കൂളുകളിലെ കോഴ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നത് ബാധ്യതയാകാത്തത് എന്തുകൊണ്ടാണെന്നും സമരക്കാർ വിമർശിച്ചു. ആവശ്യങ്ങളിൽ അനുകൂല തീരുമാനമില്ലാത്തതിനാൽ സമരം മുന്നോട്ട് കൊണ്ടുപോകാനാണ് സമിതിയുടെ തീരുമാനം.





