കോഴഞ്ചേരി: മത്സ്യവ്യാപാര സ്ഥാപനത്തിന്റെ ലൈസൻസ് പേര് മാറ്റിക്കൊടുക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലാർക്കും മിമിക്രി കലാകാരനുമായ പത്തനംതിട്ട കുലശേഖരപതി സ്വദേശി താജുദ്ദീൻ (50) വിജിലൻസിന്റെ പിടിയിലായി. സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായിരുന്ന ഇയാളിൽ നിന്ന് ഫിനോൾഫ്തലിൻ പുരട്ടിയ കറൻസി നോട്ടുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അസിസ്റ്റന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കാൻ കാത്തിരിക്കെയാണ് പ്രതി വലയിലാകുന്നത്.
തടിയൂരിൽ പ്രവർത്തിക്കുന്ന മത്സ്യവ്യാപാര സ്ഥാപനം ഏറ്റെടുത്ത വെൺമണി സ്വദേശിയായ വ്യാപാരിയാണ് പരാതിക്കാരൻ. ലൈസൻസ് തന്റെ പേരിലേക്ക് മാറ്റാനായി അപേക്ഷ സമർപ്പിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് നടപടികൾ വൈകിപ്പിച്ചു. ഒക്ടോബർ ആദ്യം പഞ്ചായത്ത് ഉദ്യോഗസ്ഥർ കടയിലെത്തി പരിശോധന നടത്തുകയും, ലൈസൻസ് ഇല്ലെന്ന കാരണം പറഞ്ഞ് ഓഫീസിലേക്ക് വിളിപ്പിച്ച് 20,000 രൂപ പിഴയടയ്ക്കാൻ താജുദ്ദീൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് 8,000 രൂപ കൈക്കൂലി തന്നാൽ നടപടിയിൽ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ പ്രതി, ഒടുവിൽ തുക 5,000 രൂപയായി കുറച്ചു.
വ്യാപാരി പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരുക്കിയ കെണിയിലാണ് പ്രതി കുടുങ്ങിയത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപം വെച്ച് വ്യാപാരിയിൽ നിന്ന് വിജിലൻസ് നൽകിയ പണം കൈപ്പറ്റുന്നതിനിടെ സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.





