കോഴിക്കോട്: വിദ്യാർത്ഥി സംഘടനയായ എസ്‌കെഎസ്എസ്എഫിന്റെ നേതൃത്വത്തിൽ പതിവ് കീഴ്‌വഴക്കം തിരുത്തി സമസ്ത. സംഘടനയുടെ പുതിയ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇത്തവണ പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്നുള്ള അംഗത്തെ പരിഗണിക്കാതെ ഫഖ്‌റുദ്ദീൻ തങ്ങളെ തെരഞ്ഞെടുത്തു. ഒ.പി. അഷ്‌റഫ് മൗലവിയാണ് പുതിയ ജനറൽ സെക്രട്ടറി.
മുസ്‌ലിം ലീഗുമായുള്ള ഭിന്നതകൾ രൂക്ഷമായി തുടരുന്നതിനിടയിലാണ് നേതൃത്വത്തിലെ ഈ മാറ്റം. വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്ത മുൻപ് പുറത്താക്കിയ പണ്ഡിതൻ എം.പി. മുസ്തഫൽ ഫൈസിയെ ഉൾപ്പെടുത്തിയതിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പരസ്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സർക്കാർ തങ്ങളോട് യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്നും, മുസ്തഫൽ ഫൈസിയെ പരിഗണിച്ച വിവരം സംഘടന അറിഞ്ഞിരുന്നില്ലെന്നും ജിഫ്രി തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.





