തൃശ്ശൂർ: രണ്ടു പതിറ്റാണ്ട് പഴക്കമുള്ള മിഥില മോഹൻ വധക്കേസിലെ പ്രതി തൃശ്ശൂർ സ്വദേശി സന്തോഷ് കുമാർ എന്ന കണ്ണനെ വിചാരണ കൂടാതെ എറണാകുളം സിബിഐ പ്രത്യേക കോടതി വെറുതെവിട്ടു. സിബിഐ സമർപ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും വിശദമായി പരിശോധിച്ച കോടതി, പ്രതിക്കെതിരെ വിചാരണ തുടരാൻ ആവശ്യമായ വസ്തുതാപരമായ അടിത്തറയില്ലെന്ന് വ്യക്തമാക്കിയാണ് ഈ അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചത്.
2006 ഏപ്രിൽ അഞ്ചിനാണ് എറണാകുളം വെണ്ണലയിൽ വെച്ച് സ്പിരിറ്റ് വ്യാപാരിയായിരുന്ന മിഥില മോഹൻ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അനധികൃത സ്പിരിറ്റ് കച്ചവടവുമായി ബന്ധപ്പെട്ട മുൻവൈരാഗ്യം മൂലം തമിഴ്‌നാട്ടിൽ നിന്നുള്ള വാടകക്കൊലയാളികളെ എത്തിച്ച് കൊലപാതകം ആസൂത്രണം ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേരള പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സിബിഐക്ക് കൈമാറുകയും, തുടർന്ന് കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി 117 സാക്ഷികളെ ഉൾപ്പെടുത്തി കുറ്റപത്രം നൽകുകയുമായിരുന്നു.
പ്രതിക്ക് വേണ്ടി അഭിഭാഷകരായ എൻ.കെ. ഉണ്ണികൃഷ്ണൻ, എൻ.യു. ഹരികൃഷ്ണ, സഈർ അഹമ്മദ് എന്നിവർ കോടതിയിൽ ഹാജരായി.





