കണ്ണൂർ: മുൻ മന്ത്രി വീണ ജോർജിനെതിരെ കെഎസ്‌യു പ്രതിഷേധത്തിനിടയിൽ ആക്രമണശ്രമം ഉണ്ടായെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി. അന്നത്തെ ചികിത്സയ്ക്കായി രൂപീകരിച്ച 13 അംഗ മെഡിക്കൽ ബോർഡിലെ ഡോക്ടർമാരിൽ നിന്നാണ് സംഘം വിവരങ്ങൾ ശേഖരിച്ചത്.
വീണ ജോർജിന് ശരീരത്തിൽ പുറത്തുകാണാവുന്ന തരത്തിലുള്ള പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടർമാർ നൽകിയ മൊഴി. എങ്കിലും കഴുപ്പിൽ നീർക്കെട്ടും രണ്ട് നാഡികൾ തള്ളിയ നിലയിലും കണ്ടതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) വിശദമായ പരിശോധന നടത്തിയിരുന്നു. തുടർന്ന് വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന്, രക്തസമ്മർദ്ദവും ശരീരവേദനയും കുറയുകയും എംആർഐ സ്കാൻ റിപ്പോർട്ട് ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ ബോർഡ് ഓൺലൈനായി യോഗം ചേർന്നാണ് ഡിസ്ചാർജ് ചെയ്തത്. അന്ന് ഉപയോഗിച്ച മുഴുവൻ ചികിത്സാ രേഖകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അന്നത്തെ സൂപ്രണ്ട് ഡോ. കെ. സുധീപ് ഉൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലേക്ക് സ്ഥലം മാറിപ്പോയ ഡോക്ടർമാരെ ഫോണിൽ ബന്ധപ്പെട്ടും എസ്‌ഐടി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മന്ത്രിയായിരിക്കെ ഫെബ്രുവരി 25-നാണ് കണ്ണൂരിൽ വീണ ജോർജിനെതിരെ പ്രതിഷേധം അരങ്ങേറിയത്; തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് അന്ന് രാത്രിയോടെ ഇവരെ പരിയാരത്തേക്ക് മാറ്റിയത്.





