കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കവെ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) പരാതിക്കാരൻ കെ.എം. ഷാജഹാനുമെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ രൂക്ഷവിമർശനവുമായി ടി. വീണ. സമാന കേസിൽ എസ്എഫ്ഐഒയുടെ കുറ്റപത്രത്തിനും തുടർനടപടികൾക്കും ഡൽഹി ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെ, അത് മറികടന്ന് ഇഡി തോളിൽ കയറാൻ നോക്കുകയാണെന്നും കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വീണ കോടതിയിൽ ബോധിപ്പിച്ചു.
കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച് ഭരണനിർവഹണ വിഭാഗത്തിന്റെ പണി സ്വയം ഏറ്റെടുത്ത് അന്വേഷണ ഉദ്യോഗസ്ഥനെപ്പോലെയാണ് പെരുമാറിയതെന്നും എതിർകക്ഷികൾക്ക് വാദം ഉന്നയിക്കാൻ മതിയായ അവസരം നൽകിയില്ലെന്നും വീണ ആരോപിച്ചു. അന്വേഷണം നടത്തണമോയെന്നത് സംസ്ഥാന ഏജൻസിയുടെ സ്വതന്ത്ര തീരുമാനമാണെന്നും അവർ വ്യക്തമാക്കി.
പരാതിക്കാരനായ കെ.എം. ഷാജഹാന് കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് വാദിച്ചപ്പോൾ, ഷാജഹാൻ രാഷ്ട്രീയക്കാരനാണോ എന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫിൽ പ്രവർത്തിച്ചിരുന്ന ആളാണെന്നും സിപിഐഎമ്മിൽ നിന്ന് മുൻപ് പുറത്താക്കപ്പെട്ട വ്യക്തിയാണെന്നും വീണ ഇതിന് മറുപടി നൽകി.





