തൃശ്ശൂർ:മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിലവിൽ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങളെ നിയന്ത്രിക്കാൻ പ്രത്യേക നിയമനിർമ്മാണം നടത്തുന്ന കാര്യം സർക്കാർ ആലോചിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അനധികൃതമായി നടത്തുന്ന സ്പാകൾ കേന്ദ്രീകരിച്ച് വ്യാപകമായ ലൈംഗിക ചൂഷണം നടക്കുന്നുവെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിൽ, കഴിഞ്ഞ മൂന്ന്-നാല് ദിവസങ്ങളായി പോലീസ് റെയ്ഡ് ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
യാതൊരുവിധ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നേരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.





