തന്റെ അറിവോടെയാണോ തന്നെ യുഡിഎഫ് കൺവീനറായി നിയമിച്ചതെന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും, ആ അതൃപ്തി കൊണ്ടാണോ വി.ഡി. സതീശൻ തന്നോട് ഇത്തരത്തിൽ പെരുമാറുന്നതെന്ന സ്വാഭാവിക സംശയം നിലനിൽക്കുന്നുണ്ടെന്നും അടൂർ പ്രകാശ്. തങ്ങൾ തമ്മിൽ വ്യക്തിപരമായി അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും സതീശന് അങ്ങനെ തോന്നാനുള്ള കാരണം എന്താണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ, ഡൽഹിയിലെ സംസ്ഥാന പ്രതിനിധി എന്നിവരെ നിയമിച്ച മന്ത്രിസഭാ തീരുമാനമുണ്ടായ ദിവസം മസ്കറ്റ് ഹോട്ടലിലെ ജയ്ഹിന്ദ് ടിവി പരിപാടിയിൽ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മറ്റ് മന്ത്രിമാർ എന്നിവർക്കൊപ്പം ഒരേ വേദി പങ്കിട്ടിട്ടും ആ വിവരം സതീശൻ തന്നോട് പറഞ്ഞില്ലെന്ന് അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. ക്യാബിനറ്റ് തീരുമാനങ്ങളെല്ലാം യുഡിഎഫ് കൺവീനറെ ബോധ്യപ്പെടുത്തണമെന്ന് തനിക്ക് നിർബന്ധമില്ലെങ്കിലും, ഏതൊക്കെ കാര്യങ്ങൾ അറിയിക്കണം എന്ന സാമാന്യബോധം ഉള്ളതുകൊണ്ടാണ് പത്രങ്ങളിലൂടെ വിവരമറിഞ്ഞ താൻ മാധ്യമങ്ങൾക്ക് മുന്നിൽ സത്യം തുറന്നുപറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
പരാതി ഉയർന്ന ശേഷവും യുഡിഎഫ് യോഗം ചേരുന്നതിനെപ്പറ്റി യാതൊരു ആലോചനയും നടന്നിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, മുന്നണി ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് സാധാരണ യോഗം വിളിക്കാറുള്ളതെന്നും ഓർമ്മിപ്പിച്ചു. കൂടാതെ, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഹൈക്കമാൻഡ് നേരിട്ട് അഭിപ്രായം ആരാഞ്ഞിരുന്നില്ലെന്നും എന്നാൽ കേരളത്തിലെത്തിയ എഐസിസി പ്രതിനിധിയോട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും പറഞ്ഞ അടൂർ പ്രകാശ്, രഹസ്യസ്വഭാവമുള്ള കാര്യമായതിനാൽ തന്റെ മുഖ്യമന്ത്രി ചോയ്സ് ആരായിരുന്നുവെന്ന് പരസ്യപ്പെടുത്താൻ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.





