കോട്ടയം: ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥമറിയാമെങ്കിൽ പിണറായി വിജയൻ അടിയന്തരമായി രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. മുൻപ് ഉമ്മൻ ചാണ്ടിക്കെതിരെ 'ഉളുപ്പ്' എന്ന വാക്ക് പ്രയോഗിച്ച വ്യക്തിയാണ് പിണറായിയെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ഇതിൽക്കൂടുതൽ സഹായം സർക്കാരിന് പിണറായിക്കായി ചെയ്യാനാകില്ലെന്നും പറഞ്ഞു. പിണറായിയെ ജയിലിലടയ്ക്കുമെന്നത് ജനങ്ങൾക്ക് നൽകിയ ഉറപ്പാണെന്നും കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ ബിജെപി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.ഡി. സതീശൻ സർക്കാർ നടത്തുന്ന അന്വേഷണത്തിൽ ഒട്ടും വിശ്വാസമില്ലെന്നും കഴിഞ്ഞ 35 ദിവസത്തെ സംഭവവികാസങ്ങൾ അതാണ് വ്യക്തമാക്കുന്നതെന്നും ഷോൺ ആരോപിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷവും പിണറായിയെ രക്ഷിക്കാനാണ് സതീശൻ ശ്രമിച്ചത്; പിണറായിക്കെതിരെ നടപടിയെടുക്കാൻ സാധിക്കാത്ത നിസ്സഹായാവസ്ഥയിലാണ് കോൺഗ്രസ്. ഒരു ഡമ്മി പ്രതിപക്ഷ നേതാവിനെയാണ് സതീശന് ആവശ്യം എന്നതിനാലാണ് ഈ ഒത്താശ നൽകുന്നതെന്നും, എല്ലാവരെയും കേട്ട ശേഷമുള്ള പുതിയ നടപടികൾ ഇരുവരും രണ്ടല്ല ഒന്നാണെന്നാണ് ബോധ്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക അന്വേഷണം എന്നുപറഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരാളുടെ പോലും മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തയ്യാറായിട്ടില്ലെന്നും കേസിൽ കൃത്യമായ ഒത്തുകളിയാണ് അരങ്ങേറുന്നതെന്നും ഷോൺ വിമർശിച്ചു. ഹവാല എന്ന പേര് കേട്ടാലുള്ള ഭയം കാരണമാണ് മുസ്ലിം ലീഗ് പിണറായിയെ രക്ഷിക്കാൻ രംഗത്തിറങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐഎമ്മിൽ പിണറായിയല്ലാതെ കൊള്ളാവുന്ന മറ്റാരുമില്ലേയെന്നും പ്രസ്ഥാനം 'പിണറായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി'യായി മാറിയെന്നും പരിഹസിച്ച അദ്ദേഹം, പാർട്ടി ഇടപെട്ടില്ലെങ്കിൽ എൽഡിഎഫ് നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നും സഖാവ് വി.എസ്. ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുകയാണെന്നും വ്യക്തമാക്കി.





