കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭാശയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണി (49) ആണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മരണപ്പെട്ടത്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ചികിത്സാ പിഴവിന് കേസെടുത്തു.
എട്ടാം തീയതി മാതൃശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു തങ്കമണിയുടെ ശസ്ത്രക്രിയ നടന്നത്. ഒൻപതാം തീയതി റൂമിലേക്ക് മാറ്റിയതിനെത്തുടർന്ന് കടുത്ത പനിയും ഭക്ഷണം കഴിക്കുമ്പോൾ ഛർദ്ദിയും അനുഭവപ്പെടാൻ തുടങ്ങിയതായി ബന്ധുക്കൾ വ്യക്തമാക്കി.
തുടർന്ന് വൻകുടലിൽ മുറിവുണ്ടായതായി ഡോക്ടർമാർ അറിയിക്കുകയും ഇവരെ വീണ്ടും അടിയന്തര ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് തങ്കമണി മരണത്തിന് കീഴടങ്ങിയത്.





