കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തുന്നവർക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി ബിജെപി സംസ്ഥാന കൗൺസിൽ അംഗം പുതുക്കലവട്ടം ബാലചന്ദ്രൻ. ലോകത്തിലെ മുഴുവൻ ക്രിമിനലുകളും ഇപ്പോൾ തലസ്ഥാനത്ത് അടിഞ്ഞുകൂടിയിരിക്കുകയാണെന്നും, സ്ഥിരമായി പോകുന്ന സ്ഥലമായ പട്ടായയിലേക്ക് ആ വിദ്വാനെ എത്രയും വേഗം അയച്ചില്ലെങ്കിൽ ഇവിടെ പ്രശ്നങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ തമ്പടിച്ചിരിക്കുന്ന സകല തീവ്രവാദികളുടെയും സ്ലീപ്പർ സെല്ലുകളും അധോലോക നേതാക്കളും തീവ്രവാദികളുമാണ് ഈ സമരത്തിന് പിന്നിലുള്ളതെന്നും ഇവരുടെ ലക്ഷ്യം ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ചാനലുകളിലെ മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച ബാലചന്ദ്രൻ, ഇവർ അല്പവസ്ത്രധാരികളായി ഡൽഹിയിൽ എത്തുന്നുവെന്നും കുറ്റപ്പെടുത്തി.
ഷംസുദീനെതിരെ പ്രതിഷേധിച്ച യുവമോർച്ച നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ഇരുനൂറുദീനും മുന്നൂറുദീനും ഇവിടെ ഒളിവിൽ കഴിയുകയാണെന്നും അദ്ദേഹം പ്രസംഗത്തിൽ ഉന്നയിച്ചു.





