തിരുവനന്തപുരം: രാജ്യവ്യാപകമായി വോട്ട് തട്ടിപ്പ് ആരോപണങ്ങൾ നിലനിൽക്കെ, കേരളത്തിലെ വോട്ടർപട്ടിക പുതുക്കലിലും (എസ്ഐആർ) ഗുരുതരമായ അവ്യക്തതകൾ പുറത്ത്. കരട് പട്ടികയിൽ നിന്ന് പുറത്തായ 24 ലക്ഷത്തിലധികം ആളുകളിൽ 15 ലക്ഷത്തിലേറെ പേർ അന്തിമ പട്ടികയിൽ തിരികെയെത്തിയതായി കമ്മീഷൻ അവകാശപ്പെടുമ്പോഴും, ഇതിൽ കന്നി വോട്ടർമാർ എത്രയെന്ന വിവരം വെളിപ്പെടുത്താൻ കമ്മീഷൻ തയ്യാറായിട്ടില്ല. പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പുതിയ വോട്ടർമാരെ തരംതിരിച്ച് കണ്ടെത്താൻ സാധിക്കില്ലെന്നാണ് ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.
എസ്ഐആറിന് മുൻപ് 2,78,50,855 ആയിരുന്ന സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണം കരട് പട്ടിക വന്നപ്പോൾ 24,08,503 പേർ നീക്കം ചെയ്യപ്പെട്ട് 2,54,42,352 ആയി കുറഞ്ഞിരുന്നു. എന്നാൽ അന്തിമ പട്ടികയിൽ 15,11,292 പേർ വീണ്ടും ഇടംപിടിച്ചതോടെ ആകെ വോട്ടർമാർ 2,69,53,644 ആയി ഉയരുകയും ഒക്ടോബർ അഞ്ചിലെ കണക്കുകൾ പ്രകാരം ഇത് 2,73,46,351-ൽ എത്തുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ 8.97 ലക്ഷം പേർ മാത്രമാണ് പുറത്തായതെന്നും പിന്നീട് 3.92 ലക്ഷം പേർ തിരിച്ചെത്തിയെന്നുമാണ് കമ്മീഷന്റെ വിശദീകരണം.
വീടുകളും ഫ്ലാറ്റുകളും പൂട്ടിയിട്ടിരിക്കുന്നതിനാൽ ആളുകളെ കണ്ടെത്താൻ കഴിയുന്നില്ലെന്ന് ബിഎൽഒമാർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് കന്നി വോട്ടർമാർക്കായി വിപുലമായ ക്യാമ്പയിനുകൾ സംഘടിപ്പിച്ചിരുന്നു എന്നിരിക്കെ, വലിയ തോതിൽ ഉൾപ്പെടുത്തപ്പെട്ട പുതിയ വോട്ടർമാരുടെ കണക്ക് കമ്മീഷൻ മറച്ചുവെക്കുകയാണെന്ന ആക്ഷേപമാണ് ശക്തമാകുന്നത്.





