കോഴിക്കോട്: വെള്ളിമാടുകുന്ന് ലോ കോളേജിന് സമീപം വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.15-ഓടെ സംസാരിച്ചുനിൽക്കുകയായിരുന്ന വിദ്യാർത്ഥികളുടെ നേർക്കാണ് കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറിയത്. പരിക്കേറ്റവരെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഇതിൽ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന പാഴൂർ ചാലിക്കുഴി സ്വദേശി കാർത്തികേശിനെ ചേവായൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം.





