കൊച്ചി: കളമശ്ശേരിയിലെ കൂട്ടബലാത്സംഗക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അമ്മു എന്ന ശരണ്യ, സഞ്ജു എന്നിവരെ പോലീസ് വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. നേരത്തെ പിടിയിലായ ശ്രീരാജ് (ശ്രീരാഗ്), ജിത്ത് മാർട്ടിൻ (ജിത്തു) എന്നീ പ്രതികളെ റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് ഇരുവരും ഒളിവിൽ പോയിരുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
സ്പായിൽ ജോലി നൽകാമെന്ന് പറഞ്ഞ് യുവതിയെ ലോഡ്ജിലേക്ക് വിളിപ്പിച്ചാണ് പ്രതികൾ ക്രൂരകൃത്യം നടത്തിയത്. ആദ്യം അഭിമുഖത്തിനായി എത്തിച്ച യുവതിയെ പിന്നീട് വീണ്ടും വിളിച്ചുവരുത്തി ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകി നാലുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.
തന്റെ ഭാര്യ ക്രൂരമായ അതിക്രമത്തിനാണ് ഇരയായതെന്നും സംഭവത്തിന് പിന്നിൽ ഇനിയും ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി അതിജീവിതയുടെ ഭർത്താവ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന സാധ്യത പരിശോധിക്കുന്നതിനൊപ്പം യുവതിയിൽ നിന്ന് പോലീസ് ഉടൻ മൊഴിയെടുക്കും.





