തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്‌പെൻഡ് ചെയ്ത സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവെച്ചു. തനിക്കെതിരായ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ചിത്ര നൽകിയ ഹർജി ട്രൈബ്യൂണൽ തള്ളി.
വകുപ്പുമന്ത്രിയുടെയും സെക്രട്ടറിയുടെയും നിർദ്ദേശങ്ങൾ ലംഘിച്ച് സുഗതന് അനുകൂലമായ നിലപാടെടുക്കുകയും ഫയലിൽ തിരിമറി നടത്തി അധികാര ദുർവിനിയോഗം നടത്തുകയും ചെയ്തുവെന്ന സർക്കാരിന്റെ കണ്ടെത്തലുകൾ ട്രൈബ്യൂണൽ പൂർണ്ണമായും അംഗീകരിക്കുകയായിരുന്നു.
കാപ്പ ചുമത്തി തടങ്കലിൽ കഴിയുന്ന വ്യക്തിക്ക് നിയമപരമായി അർഹതയില്ലാത്ത ആനുകൂല്യങ്ങൾ നേടിക്കൊടുക്കാനായി ബന്ധപ്പെട്ട ഫയലിൽ ദുരുദ്ദേശപരമായി മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്തിയെന്ന് വ്യക്തമാക്കിയായിരുന്നു സർക്കാരിന്റെ മുൻ ഉത്തരവ്. മന്ത്രിയുടെ ഉത്തരവ് അട്ടിമറിച്ച് സുഗതനെ സഹായിക്കാൻ ശ്രമിച്ച നടപടി നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.





