ഡൽഹി: എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ നേരിട്ട് പരാതി അറിയിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. മുന്നണിക്കുള്ളിൽ ആവശ്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന കടുത്ത അതൃപ്തി അദ്ദേഹം ഖർഗെയെ അറിയിച്ചു. വിഷയത്തിൽ ഔദ്യോഗികമായി പരാതി ഉന്നയിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'യെസ്' എന്നായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരീകരണം. ഇതിനുപുറമെ ദീപാദാസ് മുൻഷിയുമായും അടൂർ പ്രകാശ് ചർച്ച നടത്തി.
നാളെ രാഹുൽ ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയായിരുന്നു കൂടിക്കാഴ്ചകൾ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഇന്ദിരാഭവനിൽ എത്തിച്ചേർന്നിരുന്നു.
അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ ചെയർമാൻ പദവി നൽകിയതിലും, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിലും മുന്നണിക്കുള്ളിൽ യാതൊരു ചർച്ചയും നടത്തിയില്ലെന്നതാണ് ഉയർന്നുവന്ന പ്രധാന പരാതി. സർക്കാരിന്റെ നിർണ്ണായകമായ പല തീരുമാനങ്ങളും യുഡിഎഫ് കൺവീനറായ താൻ മാധ്യമവാർത്തകളിലൂടെയാണ് അറിയുന്നതെന്ന് അടൂർ പ്രകാശ് മുൻപ് പരസ്യമായി തുറന്നടിച്ചിരുന്നു.
അതിനിടെ, ഡൽഹിയിലുള്ള അടൂർ പ്രകാശിന്റെ വസതിയിലെത്തി മന്ത്രി അനൂപ് ജേക്കബ് അദ്ദേഹത്തെ സന്ദർശിച്ചു. ഇതൊരു സൗഹൃദ സന്ദർശനം മാത്രമായിരുന്നുവെന്നാണ് അനൂപ് ജേക്കബിന്റെ വിശദീകരണം. അതേസമയം, ആർക്കെതിരെയും പരാതി ഉന്നയിക്കാനല്ല താൻ ഡൽഹിയിലെത്തിയതെന്നാണ് സണ്ണി ജോസഫ് വ്യക്തമാക്കിയത്. അടൂർ പ്രകാശ് മുന്നോട്ടുവെച്ച പരാതി എഐസിസി നേതൃത്വം വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞ അദ്ദേഹം, മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നു എന്ന നിലപാട് തനിക്കില്ലെന്നും കൂട്ടിച്ചേർത്തു. ഇത്തരം പരസ്യപ്രതികരണങ്ങൾ പ്രസ്ഥാനത്തിന് ദോഷം ചെയ്യുമെന്ന കാര്യം പ്രത്യേകം ഹൈക്കമാൻഡിനെ ധരിപ്പിക്കേണ്ടതില്ലെന്നും നേതൃത്വത്തിന് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന് കെ.സി. വേണുഗോപാൽ തന്നെ നിർദ്ദേശിച്ചിട്ടുള്ള കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.





