തിരുവനന്തപുരം: ഗൾഫ് മേഖലയിലേക്കുള്ള വിമാന യാത്രാസൗകര്യങ്ങൾ വിപുലപ്പെടുത്തിക്കൊണ്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും നേരിട്ടുള്ള പുതിയ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഒക്ടോബർ 27 മുതൽ ആരംഭിക്കുന്നു. ഇരു സർവീസുകളിലേക്കുമുള്ള ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചതായി വിമാനത്താവള അധികൃതർ ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പുതിയ സർവീസുകൾ യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം കേരളത്തിനും ഗൾഫ് നാടുകൾക്കുമിടയിലുള്ള വ്യോമബന്ധം കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്ക് തിരുവനന്തപുരത്തുനിന്ന് നേരിട്ടുള്ള സർവീസ് ആരംഭിക്കണമെന്നത് പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് സർവീസുകളാണ് റിയാദിലേക്ക് ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ തിരുവനന്തപുരത്ത് നിന്ന് ദമാമിലേക്ക് ദിവസേനയുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസിന് പുറമെയായിരിക്കും ഇത്. പുതിയ നേരിട്ടുള്ള റിയാദ് സർവീസ് നിലവിൽ വരുന്നതോടെ സൗദിയിലുള്ള തെക്കൻ കേരളത്തിലെയും സമീപ തമിഴ്‌നാട് ജില്ലകളിലെയും വലിയൊരു വിഭാഗം പ്രവാസികൾക്ക് യാത്ര കൂടുതൽ സൗകര്യപ്രദമായി മാറും.
ബഹ്റൈനിലേക്കുള്ള വിമാനം വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് തവണ സർവീസ് നടത്തും. നിലവിൽ ഗൾഫ് എയർ തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്ക് പ്രതിദിന സർവീസ് നടത്തുന്നുണ്ട്. ഇപ്പോൾത്തന്നെ ദുബായ്, അബുദാബി, ഷാർജ, ദോഹ, മസ്കറ്റ്, കുവൈത്ത്, ദമാം തുടങ്ങിയ നഗരങ്ങളിലേക്കായി ആഴ്ചയിൽ 250-ലധികം ഗൾഫ് സർവീസുകൾ തിരുവനന്തപുരം വിമാനത്താവളം കൈകാര്യം ചെയ്യുന്നുണ്ട്.
അദാനി എന്റർപ്രൈസസിന്റെ ഉപസ്ഥാപനമായ അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡിന്റെ കീഴിലുള്ള പ്രത്യേക കമ്പനിയായ ടിആർവി കേരള ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭരണം നിർവ്വഹിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ റിയാദ്, ബഹ്റൈൻ സർവീസുകൾ ആരംഭിക്കുന്നതോടെ വിമാനത്താവളത്തിന്റെ രാജ്യാന്തര സർവീസ് ശൃംഖല കൂടുതൽ വിപുലമാവുകയും ഗൾഫ് മേഖലയിലേക്കുള്ള കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുകയും ചെയ്യും.





