തിരുവനന്തപുരം: ബിജെപി നേതാവും കൗൺസിലറുമായ ആർ. ശ്രീലേഖയുടെ അപ്രതീക്ഷിത രാജിയിൽ സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി പരിഹസിച്ച് മുൻ യുവമോർച്ച വൈസ് പ്രസിഡന്റ് കൈപ്പള്ളി വിഷ്ണു നാരായണൻ രംഗത്ത്. വഴിയേ പോകുന്ന സകല വേസ്റ്റുകളെയും പാർട്ടിയിലേക്ക് സ്വീകരിക്കുകയും ഒറ്റ രാത്രികൊണ്ട് അവരെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവികൾ വരെ നൽകി വാഴിക്കുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥയാണുള്ളതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
പാർട്ടിക്കുവേണ്ടി പോലീസിന്റെ അടിയേൽക്കുന്നവർക്കും ജയിൽവാസമനുഭവിക്കുന്ന താഴേത്തട്ടിലുള്ള പ്രവർത്തകർക്കും പുച്ഛവും അവഗണനയും മാത്രമാണ് മിച്ചമെന്ന് അദ്ദേഹം വിമർശിച്ചു. എന്തിനേറെ, പാർട്ടി സംസ്ഥാന അധ്യക്ഷ കസേരയിൽ പോലും ഇരിക്കുന്നത് ഒരു വിവിഐപി കോർപ്പറേറ്റ് മുതലാളിയാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇതിനപ്പുറമുള്ള തിരിച്ചടികളും അനുഭവിക്കേണ്ടി വരുമെന്നും ഇനിയുമെന്തൊക്കെ കാണാനിരിക്കുന്നു എന്ന ചോദ്യത്തോടെയുമാണ് വിഷ്ണു നാരായണൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് :
'വഴിയില്‍ കൂടി പോകുന്ന സകലമാന വേസ്റ്റുകളെയും വിളിച്ച് കേറ്റും ഒറ്റ ദിവസം കൊണ്ട് സംസ്ഥാന ഉപാധ്യക്ഷന്‍ വരെ ആക്കും …
അടികൊള്ളുന്നവനും ജയിലില്‍ കിടക്കുന്നവനും പുച്ഛവും പരിഹാസവും …. എന്തിനേറെ പറയുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സ്ഥാനം പോലും വിവിഐപി കോര്‍പ്പറേറ്റ് മുതലാളിയാണ് … അപ്പോള്‍ ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും ! ഇനിയുമെന്തൊക്കെ ..'





