കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾക്കെതിരെ രൂക്ഷമായ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. മുൻപ് സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന സി. കേശവനിൽ നിന്ന് ഇന്നത്തെ വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രത്തോളമാണെന്ന് അദ്ദേഹം ചോദിച്ചു. മുൻപ് 'നായാടി മുതൽ നമ്പൂതിരി വരെ' എന്ന് പറഞ്ഞിരുന്ന വെള്ളാപ്പള്ളി, ഇപ്പോൾ 'നായാടി മുതൽ നസ്രാണി വരെ' എന്നാണ് തിരുത്തി പറയുന്നത്; എന്നാൽ അപ്പോഴും മുസ്ലിം സമുദായത്തെ ബോധപൂർവ്വം മാറ്റിനിർത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നടേശൻ നവോത്ഥാന സമിതിയുടെ അധ്യക്ഷ പദവിയിലേക്ക് വരികയാണ്. പുനരുജ്ജീവന വാദങ്ങൾ ആരുയർത്തിയാലും അതിനെ ശക്തമായി എതിർക്കുമെന്നും കൊച്ചിയിൽ സംസാരിക്കവെ പി. ജയരാജൻ വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശൻ ഒരുവശത്ത് നവോത്ഥാന സമിതിയുടെ തലപ്പത്തിരിക്കുമ്പോൾ, അദ്ദേഹത്തിന്റെ മകൻ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിനൊപ്പം നിൽക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി മാറുകയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിന്തുണയോടെ ആലപ്പുഴയിൽ ജനവിധി തേടുന്ന സ്ഥാനാർത്ഥി ഈഴവ സമുദായത്തിൽ നിന്നുള്ളയാളാണെന്ന് സ്വന്തം ഭാര്യയെക്കൊണ്ട് പ്രഖ്യാപിപ്പിക്കുന്ന രീതിയാണ് കണ്ടതെന്നും അദ്ദേഹം വിമർശിച്ചു.
എസ്എൻഡിപിയുടെ മുൻ അമരക്കാരനായ സി. കേശവന്റെ ആശയങ്ങളിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള അകലം ഒട്ടും ചെറുതല്ലെന്ന് പി. ജയരാജൻ ചൂണ്ടിക്കാട്ടി. 'ജന്തു എന്ന് വിളിച്ചത് ഹിന്ദു എന്നാണെന്ന്' പ്രഖ്യാപിച്ച സി. കേശവൻ 1935-ൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന് ശേഷം, 2025-ലേക്ക് എത്തുമ്പോൾ ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ പറയുന്നത് മറ്റൊന്നാണ്. നായാടി മുതൽ നമ്പൂതിരി വരെ ഒരുമിച്ചാൽ മാത്രം പോരാ, നായാടി മുതൽ നസ്രാണി വരെ ഒത്തുചേരണമെന്നാണ് നടേശൻ വാദിക്കുന്നത്. ഇവിടെയും മുസ്ലിങ്ങളെ പൂർണ്ണമായും ഒഴിവാക്കി നിർത്തുകയാണ് ചെയ്യുന്നതെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.





