കൊച്ചി: വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിലെ മോർച്ചറി ഫ്രീസർ കേടായതിനെത്തുടർന്ന് സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച സംഭവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതോടെ പ്രശ്നപരിഹാരവുമായി നഗരസഭ. മോർച്ചറിയിൽ പുതിയ ഫ്രീസർ സ്ഥാപിച്ചു. ഇത് ഒരാഴ്ചയ്ക്കുള്ളിൽ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുമെന്ന് നഗരസഭാ ചെയർമാൻ വ്യക്തമാക്കി. ഒരേസമയം നാല് മൃതദേഹങ്ങൾ വെയ്ക്കാൻ ശേഷിയുള്ള ഫ്രീസറാണ് നിലവിൽ എത്തിച്ചിരിക്കുന്നത്. കൂടാതെ രണ്ട് മൃതദേഹങ്ങൾ കൂടി സൂക്ഷിക്കാൻ കഴിയുന്ന മറ്റൊരു ഫ്രീസർ രണ്ടാഴ്ചയ്ക്കകം സജ്ജമാക്കും. തകരാറിലായിരുന്ന മൊബൈൽ ഫ്രീസറിന്റെ കേടുപാടുകൾ പരിഹരിച്ചതായും നഗരസഭാ അധ്യക്ഷൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ സർക്കാർ ആശുപത്രിയിലുണ്ടായ ഈ ദാരുണ വീഴ്ച റിപ്പോർട്ടർ ടിവിയാണ് വാർത്തയിലൂടെ പുറംലോകത്തെ അറിയിച്ചത്.
മോർച്ചറിയിൽ സൂക്ഷിച്ച തന്റെ മാതാവിന്റെ ഭൗതികശരീരം അഴുകിയ നിലയിലാണ് തിരികെ ലഭിച്ചതെന്ന് കാണിച്ച് പറവൂർ പരവാത്തുരുത്ത് സ്വദേശി വിനേഷ് പരസ്യമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ പതിനാറാം തീയതിയായിരുന്നു വിനേഷിന്റെ മാതാവ് ജെസി പൗളി അന്തരിച്ചത്. തുടർന്ന് നടപടിക്രമങ്ങൾക്കായി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എന്നാൽ പിറ്റേദിവസം പുറത്തെടുത്തപ്പോൾ മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നുവെന്നും അമ്മയ്ക്ക് ഒരു അന്ത്യചുംബനം നൽകാൻ പോലും സാധിച്ചില്ലെന്നും വിനേഷ് വേദനയോടെ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും (ഡിഎംഒ) വിനേഷ് രേഖാമൂലം പരാതി നൽകുകയും ചെയ്തു. ആശുപത്രി അധികൃതർ മൃതദേഹം സുരക്ഷിതമായി സൂക്ഷിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായെന്നും ജീർണ്ണിച്ച അവസ്ഥയിൽ അമ്മയുടെ ശരീരം കാണേണ്ടി വന്നത് കടുത്ത മാനസികാഘാതമാണ് ഉണ്ടാക്കിയതെന്നും വിനേഷ് പറഞ്ഞിരുന്നു.
കുഴഞ്ഞുവീണ ജെസിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. തലേദിവസം വീണ് പരിക്കേറ്റിരുന്നതിനാൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം, പിറ്റേന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനായി പുറത്തെടുത്തപ്പോഴാണ് അഴുകിത്തുടങ്ങിയ വിവരം പുറത്തറിയുന്നത്. മോർച്ചറിയിലെ ഫ്രീസറിന്റെ തകരാറാണ് മൃതദേഹം കേടാകാൻ കാരണമായതെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.





