ആലപ്പുഴ: ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രതിനിധീകരിക്കുന്ന ഹരിപ്പാട് നിയോജക മണ്ഡലത്തിലെ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രതിഷേധ പരിപാടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. സിപിഐഎം ഹരിപ്പാട് ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയാണ് ഹരിപ്പാട് പോലീസ് ഔദ്യോഗികമായി നോട്ടീസ് കൈമാറിയത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നീ സംഘടനകളുടെ പ്രാദേശിക നേതൃത്വങ്ങൾക്കാണ് പോലീസിന്റെ ഈ മുന്നറിയിപ്പ്.
പോലീസിന്റെ മുൻകൂർ അനുമതി കൈപ്പറ്റാതെ സ്റ്റേഷൻ പരിധിയിൽ യാതൊരുവിധ പ്രതിഷേധ മാർച്ച്, പ്രകടനങ്ങൾ, ഉപരോധ സമരങ്ങൾ എന്നിവ സംഘടിപ്പിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. ഈ ഉത്തരവ് ലംഘിച്ച് പ്രകടനങ്ങൾ നടത്തുകയോ, ഇതര രാഷ്ട്രീയ പാർട്ടികളുടെ കൊടികളും തോരണങ്ങളും നശിപ്പിക്കുകയോ ചെയ്താൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
കേരളത്തിലുടനീളം മന്ത്രിമാർക്കെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ഹരിപ്പാട് പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു വിലക്ക് വന്നിരിക്കുന്നത്. ഇന്ന് വൈകുന്നേരം ആഭ്യന്തര മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് എസ്എഫ്ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.





