കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ നടത്തിയ കരിങ്കൊടി പ്രകടനത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിന് നേരെ വധഭീഷണി ഉയർന്നതായി പരാതി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കൊല്ലത്ത് സന്ദർശനം നടത്തവെയായിരുന്നു യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ അമിത് ഷായ്ക്കെതിരെ കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കുണ്ടറയിലെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വേളയിൽ, ആശ്രാമം മൈതാനത്തെ ഹെലിപ്പാഡിന് സമീപത്തുവെച്ചായിരുന്നു പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. കേന്ദ്ര മന്ത്രിക്കെതിരെ ഉണ്ടായ ഈ പ്രതിഷേധത്തിൽ ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചെന്ന് കാണിച്ച് ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
അമിത് ഷായ്ക്കെതിരായ കരിങ്കൊടി കാണിക്കലിന് പിന്നാലെയാണ് കേരളത്തിലുടനീളം മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് മന്ത്രിമാർക്കുമെതിരെ യുവമോർച്ച കരിങ്കൊടി പ്രതിഷേധങ്ങൾ അഴിച്ചുവിട്ടത്. പല കേന്ദ്രങ്ങളിലും ഈ പ്രതിഷേധങ്ങൾ അക്രമാസക്തമായ കയ്യാങ്കളിയിലേക്ക് വഴിമാറി. രാഷ്ട്രീയ പാർട്ടി ഓഫീസുകൾക്ക് നേരെയും വ്യാപകമായ അതിക്രമങ്ങൾ ഉണ്ടായി. തിരുവനന്തപുരത്തെ ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായതിനൊപ്പം ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസ് അക്രമികൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.





